Welcome to Vacha Vadhyan
Vacha Vadhyan Madhavan Namboodiri was a renowned scholar known for his significant contributions...
നമ്പൂതീരിമാരുടെ സഹജ സ്വഭാവമായ ജാഢ്യത -സങ്കുചിതത്വം; ഞാൻ അത്രക്കുണ്ടോ, ഞാൻ മറ്റുള്ളവരെ അപേക്ഷിച്ച് വിജ്ഞനാണോ !. ഇതുകൊണ്ട്, ഒന്നും പുറത്തെടുക്കാതെ തന്നിലടങ്ങുന്ന (ഒതുങ്ങുന്ന) പ്രകൃതം കൊണ്ട് പലരും അറിയാതെ, ഘടദീപം പോലെ, പ്രകാശം പ്രകടിപ്പിക്കാതെ കാലയവനികകളിൽ മറഞ്ഞ ചരിത്രം. പുതിയ തലമുറക്ക് പഴയ തലമുറയുടെ കഴിവും, പ്രാമാണ്യവും അറിയാൻ കഴിയാതിരുന്ന ദുരവസ്ഥ, സമുദായം ഇനിയും നഷ്ടബോധത്തോടെ ഓർക്കുന്നില്ല. ആധുനിക വിദ്യാഭ്യാസശേഷം, അഭിജ്ഞരായ, അതിവിശാരദന്മാരായ പഴയ തലമുറയെ പുച്ഛത്തോടെ നോക്കുകയും, പഴയ തലമുറ ആ പുതിയ തലമുറയെ പെരുപ്പിച്ചു മനസ്സിലാക്കി അനുവദിച്ചു വിഡ്ഢികളായി കഴിയുകയും ചെയ്ത ചരിത്രം നമ്മുടെ മുമ്പിലുണ്ട്. എല്ലാം തികഞ്ഞവർപോലും താൻ വിജ്ഞനാണെന്നു സ്വയം ബോദ്ധ്യപ്പെടാതെ, പഠിച്ചിട്ടുണ്ട് എന്നു പറയാതെ "നോക്കിയിട്ടുണ്ട് , വെളിച്ചം മതിയോ?" എന്നു സംശയിക്കുന്ന അവരിൽ നിന്ന് പുതുക്കക്കാർ ഒന്നും നേടാനില്ലാത്ത ഒരു കൂട്ടമായി അവരെ തള്ളിയതിനാൽ സമൂഹത്തിന് നഷ്ടമായത് ഇനി തിരിച്ചുകിട്ടില്ല. ഈ അവസരത്തിൽ "തന്നാൽ കരേറേണ്ടവരെത്രപേരോ താഴത്ത് പാഴ്ചേറിലമർന്നിരിക്കെ താനൊറ്റയിൽ ബ്രഹ്മപദം കൊതിക്കും തപോനിധിക്കെന്തൊരു ചാരിതാർത്ഥ്യം" എന്ന ബോധത്തോടെ ഈ നൂറ്റാണ്ടിന്നും പുതിയ തലമുറക്കും പലതും നൽകിയ ഒരു വ്യക്തിക്ക് വേണ്ടത്ര പ്രാധാന്യം ഇനിയും ലഭിച്ചിട്ടില്ല. ഈ കുറ്റബോധത്തോടെയാണ് വാച്ചവാദ്ധ്യാൻ മാധവൻ നമ്പൂതിരിയെ പരിചയപ്പെടുകയും തിരിച്ചറിയുകയും ചെയ്യാൻ ഈ കുറിപ്പെഴുതുന്നത്. "ത്യാഗമെന്നതേ നേട്ടം താഴ്മതാനഭ്യുന്നതി" സ്വയം ബോദ്ധ്യപ്പെട്ടു ജീവിച്ച ഒരു ജീവിതത്തെ എങ്ങിനെ പരിചയപ്പെടുത്തും?, എങ്ങനെയൊക്കെ വെളിപ്പെടുത്താം? !